Tuesday 25 October 2011

യു.എസ് : അതെ, രാജാവ് നഗ്നനാണ്


സമത്വസുന്ദരമായ ലോകം സ്വപ്നംകണ്ട  സോഷ്യലിസത്തിന്‍റെ പതനം കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രമാണ്. സോഷ്യലിസത്തിന്റെ തകര്‍ച്ച കണ്ട് അന്ന് ഊറിച്ചിരിച്ച മുതലാളിത്തവും ഇന്ന് അതെ പതനത്തിലേക്ക് കൂപുകുത്താന്‍ ഒരുങ്ങി നില്‍കുന്നത് പോലെ; അതെ, വാള്‍സ്ട്രീറ്റിലെ ശബ്ദ കോലാഹലങ്ങള്‍ക്ക് ചരിത്രത്തോട് പറയാനുള്ളതും അത്തരം ഒരു പതനത്തിന്‍റെ കഥയായിരിക്കും. സാമ്പത്തിക മാന്ദ്യത്തോടെ കുത്തക സംസ്കാരത്തിന്‍റെ 'ഗുണം' നല്ലതുപോലെ അറിഞ്ഞ ഒരു ജനത അതിനെതിരെ തെരുവിലിറങ്ങിയതില്‍ വലിയ അത്ഭുതമൊന്നുമില്ല. പക്ഷെ, വാള്‍സ്ട്രീറ്റിലെ കുത്തക പ്രഭുക്കള്‍കെതിരെയുള്ള രോഷം മാത്രമാണോ ഈ സമരങ്ങള്‍ക്ക്‌ കാരണം?. ഒരു നേതൃത്വമോ വ്യക്തമായ അജണ്ടകളോ ഇല്ലാത്തെ തുടങ്ങിയ ഒരു സമരം , നാളുകള്‍ കൊണ്ടുതന്നെ ഒരു ജനതയുടെ പൊതുവികാരമായി മാറിയത് പരിശോധിച്ചാല്‍ സാമ്രാജ്യത്വ മാധ്യമങ്ങള്‍ മറച്ച് വെക്കുന്ന ഒരു അമര്‍ഷത്തിന്റെ കഥ തീര്‍ച്ചയായും ആ സമരത്തിന്‌ പറയാനുണ്ട്.

പുതിയ  തൊഴില്‍ പദ്ധതിയുടെ രൂപരേഖയുടെ അവതരണവേളയില്‍ പ്രസിഡന്റ് ഒബാമ പ്രതിപക്ഷത്തോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്.
“The question is whether, in the face of an ongoing national crisis, we can stop the political circus and actually do something to help the economy.”-- പദ്ധതിയുടെ അവതരണത്തിനെതിരില്‍ നിന്ന പ്രതിപക്ഷത്തിന്റെ രാഷ്ട്രീയനാടകത്തെ കുറിച്ചായിരുന്നു പ്രസിഡന്റിന്‍റെ വാക്കുകള്‍. പക്ഷെ അതെ വാക്കുകള്‍ കൂടുതല്‍ അര്‍ത്ഥവ്യാപ്തിയോടെ അമേരിക്കന്‍ ജനത മാസങ്ങളായി നെഞ്ചേറ്റിയിട്ടുണ്ടെന്നത് വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്‍റെ പിന്നാമ്പുറ കഥയാണ്. നാളിതുവരെ സാമ്രാജ്യത്വ സ്ഥാപനത്തിനായി അമേരിക്ക നടത്തിയ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള രാഷ്ട്രീയനാടകങ്ങളും കളികളും സ്വന്തം ജനതയ്ക്ക്‌ തന്നെ  തലവേദന സൃഷ്ടിച്ചിരികുകയാണ്. അമേരിക്കന്‍ ജനതയുടെ ഉന്നമനത്തിനായി ചെലവഴികേണ്ട സമ്പത്ത് യുദ്ധഭ്രാന്തിന് ബലികഴിപിക്കേണ്ടി വന്നിട്ടുണ്ടെന്നത് അവരെ ആശങ്കാകുലരാക്കിയിട്ടുണ്ട്. യുദ്ധവിരുദ്ധ പ്ലകാര്‍ഡുകള്‍ വാള്‍സ്ട്രീറ്റ് സമരത്തില്‍ സ്ഥാനം പിടിച്ചത് ഈ ആശങ്കകളുടെ സൃഷ്ടി മാത്രം.
                      
ചക്രവ്യൂഹത്തെ ഭേദിക്കാന്‍ പുറപെട്ട അഭിമന്യുവിന്‍റെ കഥ പറയുന്നുണ്ട് പുരാണങ്ങളില്‍. ചക്രവ്യൂഹത്തില്‍ പൊരുതിക്കയറി, പിന്നെ പുറത്തിറങ്ങാനാവാത്ത അഭിമന്യുവിനെ അനുസ്മരിപികുന്നതായിരുന്നു അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിന്‍റെ തുടര്‍കഥകള്‍. അഫ്ഗാനില്‍നിന്നുള്ള സേനാപിന്‍മാറ്റത്തെ കുറിച്ചുള്ള ഒബാമയുടെ വാക്കുകള്‍ അമേരിക്കന്‍ ജനത മുഖവിലയ്ക്കെടുത്തിടില്ല . ടെലിഗ്രാഫ് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പികുന്നത് 2024 - ലിലും ഇരുപത്തയ്യായിരത്തോളം സൈനികര്‍ അഫ്ഗാനില്‍ നില്കേണ്ടിവരുമെന്നതാണ്. പൂര്‍ണ്ണ സൈനിക പിന്മാറ്റം 2050 -ലും സാധ്യമല്ലെന്നതാണ് കണക്കുകള്‍ സൂചിപ്പികുന്നത്. അധിനിവേശ നാടകങ്ങള്‍ക്ക് തകര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥ കൂടുതല്‍ വിലനല്‍കേണ്ടിവരുമെന്ന് അര്‍ഥം. ഈ കാലയളവില്‍ അവിടെ ബലികഴിപ്പിക്കേണ്ടത് എത്ര സൈനികരുടെ ജീവനെന്ന ചോദ്യം ഉത്തരമില്ലാതെ നില്‍കുന്നു. ഇസ്രായേല്‍ ഫണ്ടിങ്ങും ഇറാഖ് അധിനിവേശവും സാമ്പത്തിക ബാധ്യത പര്‍വതീകരികുന്നു. 'Occupy Wallstreet' പ്രക്ഷോഭകരുടെ പതിമൂന്ന് ആവിശ്യങ്ങളില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞടുപ്പ് രീതിയെ കുറിച്ചുള്ള പരാമര്‍ശങ്ങളും ഇത് വെറും സാമ്പത്തിക സമരമല്ല എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.


ഇറാന്‍ അധിനിവേശത്തിന് ഒരുങ്ങിനില്കുന്ന ഈ സ്വേച്ഛാധിപതി ഇന്ന് ഇറാനിന്‍റെ സൈനികബലത്തെക്കാള്‍ ഭയക്കുന്നത് സ്വന്തം ജനതയുടെ പ്രതികരണമാണ്. ആര്‍ഭാടത്തെക്കാള്‍ സുരക്ഷിതത്വം കൊതിക്കുന്ന ഒരു ജനതയുടെ അടിസ്ഥാനാവശ്യങ്ങള്‍ക്കായുള്ള വിപ്ലവത്തിന്റെ ഫലം മറ്റൊരു ട്രിപോളിയും ചേതനയറ്റ് കിടക്കുന്ന ഒരുപാട് ഗദ്ദാഫിമാരുമായിരിക്കും. ഒരു 'നാറ്റോയുടെയും' ഇടപെടലില്ലാതെ അവര്‍ ലക്‌ഷ്യം കണ്ടെത്തിയേക്കും.

പടിഞ്ഞാറിന്‍റെ രാജാവിന് അലങ്കാരമായി നിന്ന പല ഉടയാടകളും ഇന്ന് ഉതിര്‍ന്ന് വീഴാന്‍ തുടങ്ങിയിരിക്കുന്നു.ഡോളറിനേറ്റ വെല്ലുവിളിയും ക്രെഡിറ്റ്‌ റെയിറ്റിന്‍റെ  തകര്‍ച്ചയും ഇതിന്‍റെ  സൂചനകള്‍ നല്‍കിയിരുന്നു. സ്വന്തം ജനതയുടെ വിപ്ലവം കൂടിയായപ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകുന്നു. സാമ്രാജ്യത്വ മാധ്യമങ്ങളുടെ  മൌനം ഭേദിച്ച് കാലം പറയുകതന്നെ ചെയ്യും, പടിഞ്ഞാറിന്‍റെ രാജാവ് നഗ്നനാണെന്ന്.  



Twitter Delicious Facebook Digg Stumbleupon Favorites More