Wednesday 17 August 2011

പത്രമുത്തശ്ശിയുടെ നോര്‍വെ ഇന്‍വെസ്റ്റ്‌റ്റിഗേഷന്‍



നോര്‍വെയിലെ കൂട്ടകൊലയെ കുറിച്ച് അവിടത്തെ പോലീസിനോ സര്‍കാറിനോ പോലും കിട്ടാത്ത 'തുമ്പ്' ഇവിടെ മാതൃഭൂമിക്കു കിട്ടി.  അതു കൊണ്ട് തന്നെയാവണം സംഭവത്തിന്‌ പിന്നില്‍ ഇസ്ലാമിക തീവ്രവാദം ആകാമെന്ന് മാതൃഭൂമി എഫ്.ഐ.ആര്‍  തയ്യാറാക്കിയതും. മാത്രുഭുമിക്ക് നോര്‍വേയില്‍ ഒരു  ഇന്‍വെസ്റ്റ്‌റ്റിഗെഷന്‍ ടീം ഉണ്ടാകുമോ?. ഉണ്ടാവണം , കാരണം കോട്ടയത്ത്‌ നിന്ന് ഒരു പട്ടി പുറപെട്ടു നോര്‍വെയില്‍ എത്തി മണം പിടിച്ചു കേസിന് തുമ്പുണ്ടാക്കാന്‍ വേണ്ട സമയം വന്നില്ല മാതൃഭൂമിക്ക് എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍. പിന്നീട്  എഫ്.ഐ.ആര്‍ തിരുത്തിയെങ്കിലും വായനയിലൂടെ സംസ്കാരം എന്നൊക്കെ പരസ്യം കൊടുക്കുന്ന ഒരു പത്രമുത്തശ്ശി ഇങ്ങനെയൊക്കെ എഴുതാന്‍ പറ്റുമോ?.ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഈ പത്രമുത്തശ്ശിയോട് സ്നേഹപൂര്‍വ്വം രണ്ടു വാക്ക് . ഇത് യുറോപ്പോ അമേരിക്കയോ അല്ല . അതു കൊണ്ടുതന്നെ 'ഇസ്ലാമോഫോബിയ' ഇല്ലാതെ പത്രം ചിലാവാകില്ല എന്ന ആശങ്കയും വേണ്ട . ഒരു കോടി വായനക്കാരില്‍ അഞ്ച് പേര്‍ക്ക് സ്വര്‍ണ്ണനാണയമോ ചീനിച്ചട്ടിയോ കൊടുക്കാമെന്നു പറഞ്ഞാലും പത്രം വാങ്ങാന്‍ മാത്രം ഹൃദയശുദ്ധിയുള്ളവരാണ് കേരളീയര്‍ എന്ന തിരിച്ചറിവ് കൈവിടുകയുമരുതെന്ന് അപേക്ഷിക്കുന്നു.
ഈ ഇന്‍വെസ്റ്റ്‌റ്റിഗെഷന്‍ സ്പെഷ്യാലിറ്റി മാത്രുഭുമിക് മാത്രം സ്വന്തമല്ല. ഈ അടുത്ത് മുംബൈയില്‍ സ്ഫോടനം നടന്നപോള്‍ ഹിന്ദി ചാനലുകാരും പോലീസും 'ആക്രമണത്തിന് പിന്നില്‍ ആരെന്നു അവ്യക്തം' എന്ന് പറയുന്നതിനിടയില്‍ അതാ ഒരു മലയാളം ചാനല്‍ പ്രതിയെ പ്രഖ്യാപിച്ചു . അതു പക്ഷെ വിമര്‍ശനത്തിന് വകുപ്പില്ല . " ദൈവത്തിന്റെ സ്വന്തം ചാനല്‍ " ജ്ഞാനദര്‍ശനത്തിലൂടെ കണ്ടെത്തിയതവാം. ഇതേ സംഭവം മറ്റൊരു മാഗസിന്‍ കൈകാര്യം ചെയ്തപ്പോള്‍ വിഷയം ഒരല്പം വഴിമാറി. സ്ഫോടനതിന്ന് പിന്നില്‍ ദാവൂദ്‌ ഇബ്രഹിമോ? എന്നായിരുന്നു കവര്‍സ്റ്റോറി . (ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍ എന്ന പരസ്യവാചകം എത്ര സത്യം). ഇനി പ്രതി ദാവൂദ്‌ ആണെങ്കിലും ആദ്യം ഒട്ടിച്ച ലേബല്‍ മാറ്റേണ്ടതില്ല . പേരിലെങ്കിലും ഉണ്ടല്ലോ ദാവൂദിലും ഒരു ഇസ്ലാം . അതു പത്രഭാഷയ്ക്ക്‌ പുതിയ ചില പദങ്ങളും സമ്മാനിക്കും . ഇസ്ലാമിക്‌ അണ്ടര്‍വേള്‍ഡ് , ഇസ്ലാമിക്‌ സ്മഗ്ലിങ്ങ് , ഇസ്ലാമിക്‌ ഡോണ്‍ അങ്ങനെ പലതും. ഇനി ദാവൂദ്‌നു വല്ല അബ്കാരി ബന്ധവുമുണ്ടെങ്കില്‍ ' ഇസ്ലാമിക്‌ ലിക്കര്‍ ' എന്നുമാവാം. മദ്യം ഹറാം എന്ന ആശങ്കയും വേണ്ട. വല്ല ഇമ്രാന ഫത്'വാകാരെയും പിടിച്ചാല്‍ 'മദ്യം ഹറാം അല്ല, ഹരം ആണ്' എന്ന ഫത്'വയും കിട്ടും. പത്രധര്‍മം അങ്ങനെ അതിന്‍റെ  പൂര്‍ണശോഭയില്‍ എത്തട്ടെ!.
കാര്യങ്ങള്‍ പറഞ്ഞുവരുമ്പോള്‍ ഈയുള്ളവന്‍റെ നാട്ടിലെ സ്ത്രീ രത്നങ്ങളെയാണ് ഓര്‍മ വരുന്നത്. എന്റെ നാട്ടിലെ സ്ത്രീകള്‍ക്ക് ഒരു സ്വഭാവമുണ്ട് . പാകംചെയ്യുമ്പോള്‍ കറി മട്ടനോ ,ചിക്കണോ, ബീഫോ എന്നൊന്നും നോക്കില്ല ; രണ്ട് ഉരുളകിഴങ്ങും മുറിച്ചിട്ടുകളയും. മലബാറിലെ പെണ്ണുങ്ങളെ പോലെയാണ് മാധ്യമങ്ങളുടെയും സ്വഭാവമെന്ന് തോന്നുന്നു. സ്ഫോടനം എവിടെ നടന്നു, എങ്ങനെ നടന്നു എന്നൊന്നും നോക്കില്ല , വാര്‍ത്ത അച്ചടിച്ചുവരുമ്പോള്‍ ഇസ്ലാമിക്‌ ടെററിസം എന്ന 'ഉരുളക്കിഴങ്ങ്' അങ്ങ് ചേര്‍ക്കും. ഈ അടുത്ത് ഒരു സംഭവം നടന്നപോള്‍ , 'കറി' മാലേഗാവ്‌ ആണെന്നോ ചേര്‍ക്കേണ്ടത് മറ്റു ചേരുവകള്‍ ആണെന്നോ ഒന്നും നോക്കാതെ അവിടെയും മുറിച്ചിട്ടു കുറെ ' ഉരുളകിഴങ്ങുകള്‍ '. പത്രധര്‍മം! ... 'കാലത്തിന്‍റെ മനസാക്ഷി ! ' വിമര്‍ശിക്കുന്നത് ശരിയല്ല.

ഇത്രയും പറഞ്ഞത് ഏതെങ്കിലും പത്രമുത്തശ്ശിക്ക് മാനവികതയുടെ സാക്ഷരതാക്ലാസ്‌ എടുക്കാനോ  ഏതെങ്കിലും തീവ്രവാദികളെ ന്യായീകരിക്കാനോ അല്ല . മറിച്ച് ഹൃദയം നശിച്ച ഒരു പറ്റം തീവ്രവാദികളും അവരെക്കാള്‍ ഹൃദയം നശിച്ച മാധ്യമങ്ങളും ചേര്‍ന്ന് വാര്‍ത്തകളും വാര്‍ത്തകള്‍ക്ക് ചേരുവകളും ചേര്‍ക്കുമ്പോള്‍ നീറുന്നത് സമാധാനം ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു പറ്റം നല്ല മനുഷ്യരാണെന്ന് അറിയിക്കാന്‍ വേണ്ടിയാണ്‌. ഭീമന്റെയും കീചന്റെയും സമവാക്യങ്ങള്‍ ലോകാവസാനം വരെ നിലനില്‍കുമെന്ന തിരിച്ചറിവില്‍ തന്നെയാണ് എഴുത്ത്‌ നിര്‍ത്തുന്നതും. ഇനിയും എഴുതി ഒരു ഊര്‍ജ്ജനഷ്ടം ഒഴിവാകമെന്നു കരുതി ഇമെയില്‍ ഫോര്‍വേഡ്കളിലെ ഒരു കഥ എടുത്തു ചേര്‍ത്തുകൊണ്ട് നിര്ത്തുന്നു.

കഥയിങ്ങനെ: "ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിനു സമീപത്തുകൂടെ ഒരാള്‍ നടന്നു പോകുകയായിരുന്നു. ഒരു കൊച്ചു പെണ്‍കുട്ടിയെ തെരുവ് നായ ആക്രമിക്കുന്നത് പെട്ടെന്നാണയാളുടെ ശ്രദ്ധയില്‍പെട്ടു . അയാള്‍ ഓടിച്ചെന്നു കുട്ടിയെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്ത്തനത്തിനിടയില്‍  പട്ടി ചത്തിരുന്നു. കുറച്ചകലെ ഇത് വീക്ഷിച്ചുകൊണ്ടിരുന്ന ഒരു പോലീസുകാരന്‍ അടുത്തുവന്നു അയാളെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു: നാളത്തെ പത്രങ്ങളിലെ ഹീറോ, താങ്കളായിരിക്കും; പത്രത്തിലെ തലക്കെട്ട്‌ ഇങ്ങനെയായിരിക്കും: ധീരനായ ന്യൂയോര്‍ക്കുകാരന്‍ കൊച്ചു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചു". അയാള്‍ പറഞ്ഞു: അതിനു ഞാനൊരു ന്യൂയോര്‍ക്കുകാരന്‍ അല്ലല്ലോ. എന്നാല്‍, 'സുധീരനായ അമേരിക്കക്കാരന്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചു' എന്നായിരിക്കും തലക്കെട്ട്‌. പക്ഷെ, ഞാനൊരു അമേരിക്കന്‍ പൌരനല്ലല്ലോ, അയാള്‍ വിശദീകരിച്ചു. പോലീസുകാരന്‍ ചോദിച്ചു, എങ്കില്‍ താങ്കള്‍ എവിടുത്തുകാരനാണ്?. "ഞാനൊരു സൗദി പൌരനാണ്". സ്വന്തം ജീവന്‍ പോലും പണയം വെച്ച് ആ കുട്ടിയുടെ ജീവന്‍ രക്ഷിച്ച അയാള്‍ പ്രതിവചിച്ചു. പിറ്റേന്നിറങ്ങിയ പ്രഭാത പത്രങ്ങളിലെ ഒരു വാര്‍ത്തയുടെ തലക്കെട്ട്‌ ഇങ്ങനെയായിരുന്നുവത്രേ: " ഇസ്ലാമിക്‌ തീവ്രവാദിയുടെ ആക്രമണത്തില്‍ ഒരു നിഷ്കളങ്കനായ അമേരിക്കന്‍ പട്ടി കൊല്ലപെട്ടു".

2 comments:

ന്യൂയോര്‍ക്കിലെ സെണ്ട്രല്‍ പാര്‍ക്കില്‍‌ തെരുവ് നായ്!!!!!!!!! കഥയാണെങ്കിലും ഇത്രയ്ക്ക് വേണോ!!!! :)))))))))))))))))))))))))))))))) ഈ ഫോബിയയ്ക്ക് എന്ത് ഫോബിയ എന്ന് പറയും ;)

@ Manoj...good point :) ...പക്ഷെ ലോകത്ത് ഒരു തെരുവുനായ പോലും അവശേഷിച്ചിലെങ്കിലും കഥയുടെ അവസാനത്തിലെ ആ 'തലകെട്ട്' അത് പോലെ പകര്‍ത്താന്‍ 'പ്രാപ്തിയുള്ള' മാധ്യമ ബുദ്ധിജീവികള്‍ ഇവിടെയുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ന്യൂയോര്‍ക്കിലെ സെണ്ട്രല്‍ പാര്‍ക്കില്‍‌ തെരുവ് നായ ഉണ്ടാകുമോ എന്ന ചോദ്യം ഒരുപക്ഷെ അപ്രസക്തമാവും....
വലിയ യാഥാര്‍ത്യങ്ങളെ ചെറിയ സങ്കല്‍പ്പങ്ങള്‍ കൊണ്ട് വിശദീകരിക്കുന്ന രീതിക്ക് എന്ത് പറയും എന്നറിയില്ല ...ഒന്ന് ഗൂഗിളില്‍ തപ്പി നോകട്ടെ ;-)

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More